സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും; കോടിയേരിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം

തിരുവനന്തപുരം: സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് മുക്തി നേരുന്നതായും ഗവർണർ വ്യക്തമാക്കി.

അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണന് അനുശോചനം അറിയിച്ചു. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളിയെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയർന്ന ഘടകങ്ങളിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചതെന്ന് കാനം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വൻ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്. നിയമസഭാ പ്രവർത്തനത്തിനിടയിൽ ബന്ധം കൂടുതൽ ദൃഢമാകുകയും സൗഹൃദം നിലനിർത്താൻ സാധിക്കുകയും ചെയ്തു. കോടിയേരിയുടെ നിര്യാണത്തിൽ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തിപരമായും പങ്കുചേരുന്നുവെന്നും കാനം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സഖാവ് കോടിയേരി തനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ലെന്നും ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്. ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് – രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും. സഖാവേ, അഭിവാദ്യങ്ങൾ. അങ്ങ് പകർന്നു തന്ന പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് തന്റെ ആദരാഞ്ജലിയെന്നും അദ്ദേഹം വ്യക്തമാക്കി.