ചെന്നൈ: അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി അദ്ദേഹം കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരവ് അർപ്പിച്ചതായി അദ്ദേഹം സാമൂഹ്യ മാദ്ധ്യമത്തിലൂടെ അറിയിച്ചു.
തത്വാധിഷ്ഠിതമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ ആക്ട് പ്രകാരം ജയിലിലായിട്ടുണ്ടെന്ന് സ്റ്റാലിൻ ഓർമ്മിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സഖാക്കൾക്കും അനുശോചനം അറിയിക്കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

