അന്തരിച്ച മുതിര്ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്പ്പിച്ച് മലയാള സിനിമാലോകം. മമ്മൂട്ടി, മോഹന്ലാല്, കുഞ്ചാക്കോ ബോബന്, ഇര്ഷാദ് അലി, സംവിധായകന് അരുണ് ഗോപി തുടങ്ങി നിരവധി പേര് സോഷ്യല് മീഡിയയിലൂടെ ആദരാഞ്ജലികള് നേര്ന്നു.
‘സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട’- മോഹന്ലാല് കുറിച്ചു. ‘പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്’- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില് കുറിച്ചത്.
ദീര്ഘനാളായി അര്ബുധ ബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില് നിന്ന് എംഎല്എയായി തെരഞ്ഞെടുക്കപ്പെട്ടത്.

