തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ എട്ട് വയസുകാരിക്ക് നഷ്ടപരിഹാര തുക കൈമാറി സംസ്ഥാന സർക്കാർ. ഹൈക്കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 1,75,000 രൂപ കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. കുട്ടിയെ അപമാനിച്ച സിവിൽ പോലീസ് ഓഫീസർ രജിതയിൽ നിന്നും കൈമാറിയ പണം ഈടാക്കും.
ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നേരത്തെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാർക്ക് നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കി നിൽക്കെ ചോദ്യം ചെയ്തത്. മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്.
പിന്നീട് സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ പോലീസുദ്യോഗസ്ഥയെ സ്ഥലം മാറ്റുകയായിരുന്നു. 50 ലക്ഷം രൂപയാണ് പെൺകുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടർന്ന് കേസിൽ വാദം കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സംസ്ഥാന സർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സർക്കാർ വാദം തള്ളിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഡിസംബർ 22നാണ് എട്ട് വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.

