സിപിഎമ്മിലെ സൗമ്യ സാന്നിധ്യം; കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശൻ പറഞ്ഞു.

അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവർക്കും പ്രിയങ്കരനായി. പാർട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാർക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവർക്ക് കോടിയേരി നൽകിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. .സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിർചേരിയിൽ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവർത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ വേർപാട് സിപിഎമ്മിന് നികത്താൻ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ അറിയിച്ചു.

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.