കേരളത്തിൽ നിന്നും പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്‌സ് ലാബ്

തിരുവനന്തപുരം: കേരളത്തിൽ നിന്നും പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതാണെന്ന് വ്യക്തമാക്കി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു. പരിശോധനയിൽ ഇവ സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്നാണ് സർട്ടിഫൈ ചെയ്തിട്ടുള്ളത്.

വാക്‌സിന്റെ പരിശോധനാ ഫലവും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളിൽ നിന്നുള്ള കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ അഞ്ച് പേർക്കും നൽകിയത്. വാക്‌സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക പരിഹരിക്കാൻ വേണ്ടിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്കായി അയച്ചത്.