ന്യൂഡൽഹി: സെൻട്രൽ വിസ്തയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിക്കാനൊരുങ്ങുന്ന ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ പ്രതിമ മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ നിയമപ്രകാരം നിലവിൽ അംഗീകരിക്കപ്പെട്ട ദേശീയ ചിഹ്നത്തിന്റെ രൂപരേഖയുടെ ലംഘനമാണിതെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2005 ലെ നിയമത്തിന്റെ ലംഘനമല്ല ഇതെന്നും ഇത്തരം കാഴ്ചപ്പാടുകൾ വ്യക്തികളുടെ ചില മുൻധാരണകളെ ആശ്രയിച്ചിരിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഈ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിൽപത്തിലെ സിംഹങ്ങൾ അശോക ചക്രവർത്തി സ്ഥാപിച്ച അശോക സ്തംഭത്തിൽ നിന്ന് വ്യത്യസ്തമായി, വായ തുറന്ന് ക്രൂരവും ആക്രമണോത്സുകവുമായ രീതിയിലാണ് നിൽക്കുന്നതെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. രണ്ട് അഭിഭാഷകരാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ദേശീയ ചിഹ്നത്തിന്റെ രൂപകൽപന എങ്ങനെയായിരിക്കണമെന്ന് അതിൽ കലാപരമായ പുതുമകൾ കൊണ്ടുവരാനാകില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചിഹ്നം 2005 ലെ നിയമത്തിന്റെ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. ബുദ്ധന്റെ നാല് പ്രധാന ആത്മീയ തത്ത്വചിന്തകളെ പ്രതിനിധീകരിക്കുന്ന നാല് സിംഹങ്ങൾ ഒരു പ്രതിമ മാത്രമല്ലെന്നും സാംസ്കാരികവും ദാർശനികവുമായ പ്രാധാന്യം അതിനുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി, ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഈ ദേശീയ ചിഹ്നത്തിൽ ഇല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
എന്നാൽ, ഇത് ഒരു തരത്തിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും ന്യൂഡൽഹിയിലെ സെൻട്രൽ വിസ്തയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ ദേശീയ ചിഹ്നം 2005 ലെ നിയമത്തിന്റെ ലംഘനമല്ലെന്നും കോടതി അറിയിച്ചു.

