കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: ത്രിപാഠിയുടെ പത്രിക തള്ളി; തരൂരും ഖാര്‍ഗെയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. എന്നാല്‍, ഝാര്‍ഖണ്ഡ് മുന്‍ മന്ത്രി കെ.എന്‍ ത്രിപാഠിയുടെ പത്രിക തള്ളിയതായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് മിസ്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളി. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.