രാജ്യം 5ജിയിലേക്ക്; ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി

രാജ്യത്ത് 5ജി സേവനങ്ങള്‍ ഇന്ന് മുതല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ എയര്‍ടെല്‍ വോഡഫോണ്‍ ഐഡിയ കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മുംബൈയിലെ ഒരു സ്‌കൂളിലെ അധ്യാപകനെ ബന്ധിപ്പിച്ചാണ് 5ജിയുടെ സാധ്യതകള്‍ റിലയന്‍സ് ജിയോ പ്രദര്‍പ്പിച്ചു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകളും എ.ആര്‍ ഉപകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ വിദൂരമായി രാജ്യത്തുടനീളമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി എങ്ങനെ ഇത് ഉപയോഗിക്കാമെന്നും ജിയോ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിക്ക് വെര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെ കുറിച്ച് പഠിക്കാനുള്ള അവസരമാണ് എയര്‍ടെല്‍ ഡെമോയില്‍ കാണിച്ചത്. ഹോളോഗ്രാമിലൂടെ ഡയസില്‍ എത്തുന്ന പെണ്‍കുട്ടി പ്രധാനമന്ത്രിയുമായി തന്റെ പഠന അനുഭവം പങ്കുവെക്കുന്നതിനുള്ള സൗകര്യവും എയര്‍ടെല്‍ മോഡല്‍ ഒരുക്കി. ഡയസില്‍ തുരങ്കത്തിന്റെ ഡിജിറ്റല്‍ ട്വിന്‍ സൃഷ്ടിച്ച് ഡല്‍ഹി മെട്രോയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിലെ തൊഴിലാളികളുടെ സുരക്ഷയെയാണ് വോഡഫോണ്‍ ഐഡിയ കാണിച്ചത്.

അതേസമയം, പ്രിസിഷന്‍ ഡ്രോണ്‍ അധിഷ്ഠിത കൃഷി, ഹൈ സെക്യൂരിറ്റി റൂട്ടറുകള്‍ & എഐ അടിസ്ഥാനമാക്കിയുള്ള സൈബര്‍ ത്രെറ്റ് ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോം; ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങള്‍; അംബുപോഡ് – സ്മാര്‍ട്ട് ആംബുലന്‍സ്; വിദ്യാഭ്യാസത്തിലും കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി ആഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി/ മിക്സ് റിയാലിറ്റി ഉപയോഗം, മലിനജല നിരീക്ഷണ സംവിധാനം; സ്മാര്‍ട്ട്-അഗ്രി പ്രോഗ്രാം; ഡയഗ്നോസ്റ്റിക്സ്, എന്നിവയാണ് 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കുന്ന എക്സിബിഷനിലെ പ്രധാന ആകര്‍ഷണം.