ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഉറച്ച് കെഎസ്ആർടിസി; 715 രൂപയ്ക്ക് ആളെ ഇറക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തെ നേരിടാൻ ഉറച്ച് മാനേജ്‌മെന്റ്. സമരത്തെ തുടർന്ന് തൊഴിലാളികളുടെ അഭാവം നേരിട്ടാൽ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി ‘ബദലി’ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നതെന്നും കെഎസ്ആർസി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

KSRTC യിലെ അംഗീകൃത സംഘടനകളിൽ ഒന്നായ TDF ഒക്ടോബർ 1 മുതൽ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുകയാണ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ KSRTC എല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരും ബസ്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.

സമരത്തിൽ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വർദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാൽ താത്ക്കാലികമായി ‘ബദലി’ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവിൽ കാലാവധി കഴിഞ്ഞ PSC ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നത്.