കശ്മീരിന്റെ ഒരു ഭാഗം ഇല്ല; ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടത്തിൽ ഗുരുതര പിഴവ്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇന്ത്യയുടെ ഭൂപടത്തിൽ ഗുരുതര പിഴവെന്ന് റിപ്പോർട്ട്. തരൂരിന്റെ പ്രകടന പത്രികയിൽ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഇല്ലെന്നാണ് പ്രകടനപത്രികയുടെ ചിത്രം വ്യക്തമാക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു.

പ്രകടപത്രികയുടെ ഓൺലൈൻ പതിപ്പിൽ ചിത്രം മാറ്റി നൽകിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ, ശശി തരൂർ എംപി, ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ മത്സരിക്കാനുള്ളത്. കോൺഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ടെന്നും അത് വിശദീകരിക്കുന്ന പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്നും ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു.

പാർട്ടിയെ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ, പദ്ധതികൾ തുടങ്ങിയവയെല്ലാം പ്രകടന പത്രികയിൽ വിശദമാക്കുന്നുണ്ടെന്നും ശബ്ദം ഒരാളുടെ ശബ്ദമല്ല, പാർട്ടി തിരഞ്ഞെടുപ്പുകൾ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ടെന്ന് ശശി തരൂർ മാദ്ധ്യമങ്ങളെ അറിയിച്ചു.