തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി ദിനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടികള്‍ നടത്തുന്നതിന് നടപടി ഉണ്ടാകണം. പരമാവധി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തില്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എന്നാല്‍, ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിര്‍ദ്ദേശം കെസിബിസി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ രണ്ടിലെ ലഹരിവിരുദ്ധ പരിപാടി വിപുലമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്.
‘ഒക്ടോബര്‍ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ നടത്തണം. വിദ്യാലയ സമിതികള്‍ മുന്‍കയ്യെടുത്ത് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം.ഒക്ടോബര്‍ 6, 7 തീയതികളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പിടിഎ, എം പിടിഎ, വികസന സമിതി തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തണം. ഒരു മാസക്കാലം സ്കൂള്‍തലത്തില്‍ വിവിധ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. നവംബര്‍ 1ന് വൈകീട്ട് 3 മണി മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടപ്പാക്കണം’- ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

