കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുന ഖാർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തിൽ നിന്ന് അവസാന നിമിഷം ആരും പത്രിക നൽകിയില്ലെങ്കിൽ ഖാർഗെയോ ശശി തരൂരോ അദ്ധ്യക്ഷനാകും. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് അശോക് ഗെഹ്ലോത് പിന്മാറിയതോടെ മുതിർന്ന നേതാവ് ദിഗ്വിവിജയ് സിങ്ങ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു. ദിഗ്വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആയിരിക്കും മത്സരിക്കുന്നത്. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനിൽ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടാക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.

സോണിയ ഗാന്ധിയുമായി അശോക് ഗെഹ്ലോട്ട് ചർച്ച നടത്തിയിരുന്നു. ഒന്നര മണിക്കൂറോളം നേരം ചർച്ച നീണ്ടു. സച്ചിൻ പൈലറ്റിനായി രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാൻ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോൺഗ്രസ് നേതൃത്വം അനുമതിയും നൽകിയില്ല. തുടർന്നാണ് അദ്ദേഹത്തിന്റെ പിന്മാറ്റമെന്നാണ് വിവരം.