മകളുടെ മുന്നില്‍ വെച്ച് പിതാവിന് മര്‍ദ്ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാരായ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച് പിതാവിന് മര്‍ദ്ദനമേറ്റ കേസിലെ അഞ്ച് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതി തള്ളി. മര്‍ദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യവും ശബ്ദവും പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കൂടി അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മകളുടെ മുന്നില്‍വച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീനവക്കാരന്‍ എസ്ആര്‍ സുരേഷ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെല്ലാം വിവിധ യൂണിയനുകളില്‍ നേതാക്കളും അംഗങ്ങളുമാണ്.