സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ ചൗഹാന്‍ ചുമതലയേറ്റത്.

‘പുതിയ നിയോഗത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി. അഭിമാനത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ മറികടക്കാനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കും. എല്ലാ പ്രതിബന്ധങ്ങളെയും നമ്മള്‍ മറികടക്കും. മൂന്ന് സേനകളുടെയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തിക്കും’ സിഡിഎസ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ പ്രതികരിച്ചു.

അതേസമയം, ആദ്യത്തെ സിഡിഎസ് ആയിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷമാണ് ആ സ്ഥാനത്തേക്ക് ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ കഴിഞ്ഞ ബുധനാഴ്ച സംയുക്ത സൈനിക മേധാവിയായി നിയമിക്കുന്നത്. സൈനികകാര്യ സെക്രട്ടറി പദവിയും ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ഇതോടൊപ്പം വഹിക്കും. 1981ലാണ് അനില്‍ ചൗഹാന്‍ ഉദ്യോഗസ്ഥനായി സൈന്യത്തില്‍ ചേര്‍ന്നത്. കിഴക്കന്‍ സൈനിക കമാന്‍ഡ് മേധാവിയായിരിക്കെ 2021 മെയിലാണ് അദ്ദേഹം വിരമിച്ചത്. നാല്‍പ്പത് വര്‍ഷത്തെ സൈനിക സേവനത്തിനിടെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനമടക്കമുള്ള നിര്‍ണായക പദവികളും വഹിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കല്‍, ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കമാണ്ടര്‍തല ചര്‍ച്ചകള്‍ എന്നിവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം.