ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിനുള്ള അനുമതിയാണ് തമിഴ്നാട് സർക്കാർ നിഷേധിച്ചത്. മാർച്ചിന് അനുമതി നൽകണമെന്നായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ, ഇതിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

സെപ്തംബർ 28-ന് മുമ്പ് മാർച്ചിന് അനുമതി നൽകണമെന്നായിരുന്നു ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ കഴിഞ്ഞദിവസം വൈകിട്ട് മാർച്ചിന് അനുമതി നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് നടത്താനായിരുന്നു ആർഎസ്എസിന്റെ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ആർ.എസ്.എസ്. മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്.

അതേസമയം, പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് പോലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.