പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണി; നിയമനം 3 വർഷത്തേക്ക്

ന്യൂഡൽഹി: പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണിയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം നൽകിയിട്ടുള്ളത്. നിലവിലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

അഭിഭാഷകവൃത്തിയിൽ നാലു പതിറ്റാണ്ടിലേറെ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ലോ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1979-ൽ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ പി പി. റാവുവിന്റെ ചേംബറിൽ ചേർന്നു. 1997-ൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായി നിയമിതനായി. 2004 മുതൽ 2010 വരെ സുപ്രീം കോടതി, ഹൈക്കോടതികളിലെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ പ്രത്യേക സീനിയർ കൗൺസലായി സേവനമനുഷ്ഠിച്ചു. കോടതിയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ ഹാജരായി. അമ്രപാലി കേസിൽ കോടതിയുടെ റിസീവറായും പ്രവർത്തിച്ചു.

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യം നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വെങ്കിട്ടരമണിയെ പരിഗണിച്ചത്. വീണ്ടുവിചാരം ഉണ്ടായതിനാലാണ് പദവി നിരസിക്കുന്നതെന്നായിരുന്നു മുകുൾ റോത്തഗി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

രാജ്യത്തിന്റെ പരമോന്നത നിയമ ഉദ്യോഗസ്ഥ പദവിയിൽ തന്റെ പേര് പരിഗണിച്ച കേന്ദ്രസർക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. പുതിയ അറ്റോർണി ജനറലായി ഒക്ടോബർ ഒന്നിന് മുകുൾ റോത്തഗി ചുമതല ഏൽക്കുമെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. കെ. കെ. വേണുഗോപാലാണ് നിലവിലെ അറ്റോർണി ജനറൽ. സെപ്തംബർ 30-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, അറ്റോർണി ജനറൽ ആകാനുള്ള തീരുമാനത്തിൽ നിന്ന് അദ്ദേഹം പെട്ടെന്ന് പിന്മാറുകയായിരുന്നു.