ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയാകാൻ ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനാകുന്നത്. ഒമ്പത് മാസത്തിന് ശേഷമാണ് പുതിയ നിയമനം.
കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു അനിൽ ചൗഹാൻ. കഴിഞ്ഞ വർഷമാണ് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള സേനാ കമാൻഡ് (സ്പിയർ കോർ) മേധാവിയായും അദ്ദേഹം പ്രവർത്തിച്ചു. സൈനിക സേവനത്തിലെ മികവിന് രാജ്യം അദ്ദേഹത്തെ കീർത്തിചക്ര നൽകി ആദരിച്ചിട്ടുണ്ട്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക്അനിൽ ചൗഹാൻ നേതൃത്വം നൽകിയിരുന്നു.

