നോട്ടമിട്ടത് 380 പേരെ; പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് അന്വേഷണ സംഘത്തിന്‌

തിരുവനന്തപുരം: കേരളത്തിലെ 380ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നോട്ടമിട്ടിരുന്നതായി വ്യക്തമാക്കുന്ന ഹിറ്റ് ലിസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. ശ്രീനിവാസന്‍ കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ ലാപ്പ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘം ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.

പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പില്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളും മറ്റൊരു പ്രതിയായ സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ പട്ടികയില്‍ 378 പേരുകളാണുള്ളത്. ഹിറ്റ്‌ലിസ്റ്റില്‍ ഒരു സിഐയും ഒരു സിവില്‍ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശ്രീനിവാസന്‍ കൊലക്കേസിലെ 38 മത്തെ പ്രതിയായ സിറാജുദീനെ മലപ്പുറത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് നിഗമനം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സംഘടനയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. മാധ്യമങ്ങള്‍ക്ക് സംഘടനാ അറിയിപ്പുകള്‍ കൈമാറാനുള്ള പിഎഫ്‌ഐ പ്രസ് റിലീസ് എന്ന ഗ്രൂപ്പിന്റെ പേരാണ് പ്രസ് റിലീസ് എന്ന് മാറ്റിയത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.