ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ച് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ബസുകള്‍ ആക്രമിക്കപ്പെട്ടതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.