പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ശ്രീനഗർ: തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ എന്നാണ് ഗുലാം നബി ആസാദ് പാർട്ടിയ്ക്ക് നൽകിയിരിക്കുന്ന പേര്. ജമ്മുവിൽ പാർട്ടി പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഓഗസ്റ്റ് 26 നാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

തുടർന്ന് എ.ഐ.സി.സി. പുനസംഘടനയിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഗുലാം നബി ആസാദിനെ നീക്കിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ജി 23 നേതാക്കൾ പ്രധാനമായും ഉന്നയിച്ചിരുന്ന വിമർശനം. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്.