പോക്‌സോ കേസ്: മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും, പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ കോടതിയില്‍ പറഞ്ഞു. പതിനെട്ട് സാക്ഷികളുടെ വിചാരണ ഇതിനോടകം പൂര്‍ത്തിയായി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോന്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്നും, നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് പീഡന കേസുകള്‍ ആണ് മോന്‍സണ്‍ മാവുങ്കലിന് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.