തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രചാരണ ബാനറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ പാർട്ടി പ്രവർത്തകനെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബാനർ തയാറാക്കിയ സുരേഷിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷിന്റെ അഭിമുഖം അൽപം വൈകിയാണ് താൻ ചാനലിൽ കണ്ടത്. പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും തന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും അയാൾക്കെതിരെ നടപടി എടുക്കരുതെന്ന അപേക്ഷയുമായാണ് സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സത്യത്തിൽ തനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ താൻ ഉറപ്പ് തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്.
പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും ‘അയാൾക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് സമീപിച്ചത്.
സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്.
പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.

