ന്യൂഡൽഹി: രാജ്യത്തെ സമ്പദ് ഘടനയെ പുകഴ്ത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 75 വർഷക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. കോളനിവത്ക്കരണം ഇന്ത്യയെ ഏറ്റവും ദരിദ്രമായ അവസ്ഥയിലേക്കെത്തിച്ചിരുന്നു. അവിടെനിന്ന് 75 വർഷങ്ങൾക്കിപ്പുറം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കോളനിവത്ക്കരണം മൂലം നമ്മൾ ദരിദ്രരാജ്യങ്ങളിലൊന്നായിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വർഷത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ തലയുയർത്തിപ്പിടിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട ദിവസം അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺവിളിച്ച സംഭവത്തെ കുറിച്ച് ജയശങ്കർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പ്രശംസിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. 2016 ലെ സംഭവമാണ് വിദേശകാര്യമന്ത്രി പങ്കുവച്ചത്. അഫ്ഗാനിൽ യുദ്ധം കൊടുമ്പിരി കൊണ്ട സമയത്താണ് മസർ ഇ ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടത്. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയശങ്കർ. ഉറങ്ങിയില്ലാരുന്നോ എന്ന് ചോദിച്ചാണ് പ്രധാനമന്ത്രിയുടെ വിളി വന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

