ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല; ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് എ വിജയരാഘവൻ

കണ്ണൂർ: ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ലെന്ന് മുതിർന്ന നേതാവ് എ വിജയരാഘവൻ. ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. അതിനാലാണ് വലിയ കുഴപ്പം ഒഴിവായത്. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. വർഗീയതയെ സമൂഹവും തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ട്. രാജ്യത്തെ തീവ്രവർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസാണ്. സംഘപരിവാർ സംഘടനകളാണ് എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത്. ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വർഗീയത കൊണ്ട് വർഗീയ വിപത്തിനെ ചെറുക്കാനാകില്ല. അക്രമത്തിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് വർഗീയ ശക്തികളുടെ ശ്രമമെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.