ആസൂത്രിതമായ അക്രമമാണ് ഹർത്താലിനിടെ നടന്നത്; പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രിതമായ അക്രമമാണ് കഴിഞ്ഞ ദിവസം ഹർത്താലിനിടെ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളിൽ കുറച്ചുപേരെ പിടികൂടിയെന്നും, ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടലാണ് കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന രീതിയിലായിരുന്നു അത്. ഒരുപാടു പേർക്ക് പരിക്ക് പറ്റി. ഡോക്ടർമാർക്ക് പോലും പരിക്ക് പറ്റുന്ന അവസ്ഥയാണുണ്ടായത്. കേരളത്തിൽ അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയതെന്നും അദ്ദേഹം വിമർശിച്ചു.

പോലീസ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ കരുത്തുറ്റ നടപടികൾ ഇനി സ്വീകരിക്കാനിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.