ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായുള്ള നാമനിര്‍ദേശ പത്രികയുടെ ഫോം ശശി തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയില്‍ നിന്ന് കൈപ്പറ്റി. ഈ മാസം 30-നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.
അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉടന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥി എന്ന ലേബല്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിരുന്നു. തരൂരിന് തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് ഏറെ വെല്ലുവിളിയാണ്. പക്ഷേ, ഔദ്യോഗികമല്ലെങ്കിലും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടുള്ള ഗെഹ്ലോട്ടിനാണ് കേരളത്തില്‍ നിന്നടക്കം പിസിസി പ്രതിനിധികളുടെ പിന്തുണയുള്ളത്.
എന്നാല്‍, രാഹുല്‍ ഗാന്ധിയടക്കം നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

