തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രോസ്ക്യൂഷൻ അനുമതി തേടി രാജ്ഭവനിൽ അപേക്ഷ. കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചു, നിയമവിരുദ്ധമായ ഇടപെടൽ നടത്തി എന്നീ പരാതികളിൽ പ്രോസിക്യൂഷൻ അനുമതി തേടിയാണ് രാജ്ഭവനിൽ അപേക്ഷ ലഭിച്ചിട്ടുള്ളത്.
കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് പ്രോസിക്യൂഷൻ അനുമതിക്കായി രാജ്ഭവനിൽ അപേക്ഷ നൽകിയത്. ഗവർണർ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. കണ്ണൂർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇത് സ്വജനപക്ഷപാതമെന്നും കാണിച്ചാണ് അദ്ദേഹം വിജിലൻസ് കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ നിയമന അതോറിറ്റി എന്ന രീതിയിൽ ഗവർണറുടെ അനുവാദം പ്രോസിക്യൂഷൻ നടപടികൾ മുന്നോട്ട് പോകണമെങ്കിൽ ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ അനുമതി നൽകിയില്ലെങ്കിൽ അത് ഗവർണറുടെ വിശ്വാസ്യതയെ ബാധിക്കും. അതേസമയം, ഗവർണർ അനുമതി നൽകിയാൽ മുഖ്യമന്ത്രിക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈവശം വയ്ക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാവുന്ന സാഹചര്യമുണ്ടാകും.

