തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന പോപ്പുലര് ഫ്രണ്ട് ഹര്ത്താലില് സര്ക്കാരിനോട് റിപ്പോര്ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹര്ത്താലില് സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഹര്ത്താലിനോടനുബന്ധിച്ച് നടന്ന കല്ലേറില് നിരവധി കെ എസ് ആര് ടി സി ബസുകള്ക്ക് കേടുപാടുകള് ഉണ്ടായി. പൊലീസുകാര്ക്കും കെ എസ് ആര് ടി സി ഡ്രൈവര്മാര്ക്കും പരിക്കേറ്റു. സ്വകാര്യ വാഹനങ്ങള്ക്ക് നേരെയും ആക്രമണമുണ്ടായി. ഹര്ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില് സംസ്ഥാനത്ത് ഇന്നലെ 157കേസുകളാണ് രജിസ്റ്റര് ചെയ്തത്. വിവിധ അക്രമങ്ങളില് പ്രതികളായി 170പേര് അറസ്റ്റിലായി. 368പേരെ കരുതല് തടങ്കലിലാക്കിയെന്നും പൊലീസ് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി.
അതേസമയം, കണ്ണൂരില് മില്മാ ടീ സ്റ്റാള് ഹര്ത്താല് അനുകൂലി അടിച്ചുതകര്ത്തു. ബൈക്കിലെത്തിയ സംഘത്തില് നിന്നും ഒരാള് കടയുടെ അടുത്തേയ്ക്ക് എത്തി കമ്ബി കൊണ്ട് ആഹാരസാധനങ്ങള് വച്ച അലമാരി അടിച്ചുതകര്ക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മട്ടന്നൂരില് പാലോട്ട് പളളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹര്ത്താല് അനുകൂലികള് പെട്രോള് ബോംബ് എറിയുകയായിരുന്നു. വിവിധയിടങ്ങളിലായി 70 കെ.എസ് ആര് ടി സി ബസുകള്ക്കും നാശനഷ്ടമുണ്ടായതായി അധികൃതര് അറിയിച്ചു.

