എന്ത് അബദ്ധവും വിളിച്ചുപറയുന്ന ഒരാളുടെ പേരാണ് ഗവർണർ എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്; കാനം രാജേന്ദ്രൻ

കൊല്ലം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്ത് അബദ്ധവും വിളിച്ചുപറയുന്ന ഒരാളുടെ പേരാണ് ഗവർണർ എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർ പദവി അനാവശ്യമാണെന്ന സിപിഐ നിലപാട് ശരിവയ്ക്കുന്ന വിധത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റായി ഇരുന്ന് എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. കോൺഗ്രസിൽ നിന്നപ്പോൾ ഇടതുമുഖമായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഇതിനകം 9 പാർട്ടികളിൽ പോയിട്ടുണ്ടെന്നാണ് വിവരമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.