ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സിപിഎം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ലിം ലീഗ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘മുസ്ലിം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ച സിപിഎം നേതൃത്വമാണിപ്പോള്‍, ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്. ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സിപിഎം ആണ്. ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളര്‍ച്ചയ്ക്ക് വളം നല്‍കി ഒപ്പം നിന്നത്. മുസ്ലിം ലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്നം കണ്ട് ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഈ സംഘടനകളുടെ സഹായം ആവശ്യമുളളപ്പോള്‍ സ്വീകരിക്കുകയും തിരിച്ചു സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതു പാര്‍ട്ടികളുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയമായി മുസ്ലിം ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം സ്വീകരിച്ചിട്ടില്ല’- അദ്ദേഹം വ്യക്തമാക്കി.