പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂലൈ 12ന് ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി പരിശീലനം നടത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം, 120 കോടിയിലധികം രൂപയാണ് ഈ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. ഇത് ഭീകരപ്രവര്‍ത്തനയും കലാപം സൃഷ്ടിക്കുന്നതിനായും ഉപയോഗിക്കാനാണ് പണം സ്വരൂപിച്ചതെന്ന് ഇഡി അറിയിച്ചു. വ്യാഴാഴ്ച നടത്തിയ എന്‍ഐഎ റെയ്ഡില്‍ 106 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളമടക്കം തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ട്, ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു എന്നീ കാര്യങ്ങളും എന്‍ഐഎ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.