ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറണ്ട; ജിതിനെ സംരക്ഷിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കോടതി വരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ‘യൂ -ടേൺ ‘അടിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്. സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം വലിയ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കണമെന്നും സുധാകരൻ വ്യക്തമാക്കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ”യൂ -ടേൺ ‘അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.

സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക.