കൊച്ചി: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾ നശിപ്പിക്കുന്നവർക്കെതിരെ ഹൈക്കോടതി. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് കോടതി വ്യക്തമാക്കി. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തത് കൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും 229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.
എന്നാൽ, ഹർത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.ഹർത്താൽ അക്രമങ്ങളിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം പോപ്പുലർ ഫ്രണ്ടിൽ നിന്നും ഈടാക്കുമോ. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും കോടതി ചോദിക്കുന്നു. നീതിന്യായഭരണ സംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

