സവർക്കറെ ധീരദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമം;രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

തൃശ്ശൂർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എത്രമാത്രം ബിജെപിയുടെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സവർക്കറെ ധീരദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപിക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. കേരളത്തിൽ 19 ദിവസവും ഉത്തർപ്രദേശിൽ 4 ദിവസവും എന്ന നിലയിലാണ് ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എന്നത് ഇന്ന് ഒരു വലിയ പാർട്ടിയല്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതരപാർട്ടികളുണ്ട്. ബിജെപിയെ പരാജയപ്പെടുത്താൻ താത്പര്യം ഉള്ളവർ അതത് സംസ്ഥാനങ്ങളിൽ ഒന്നിച്ച് നിൽക്കണം. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.