ഐഎസ്ആർഒ ചാരക്കേസ്; ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി ജസ്റ്റിസ് കെ എം ജോസഫ്

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിന് എതിരായ ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി ജസ്റ്റിസ് കെ എം ജോസഫ്. താൻ അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ജോസഫ്, ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി നേരത്തെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് എ എ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് ഹർജികൾ ഇന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നത്. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഒന്ന് ജസ്റ്റിസ് കെ. എം. ജോസഫ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ജോസഫ് ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ.