‘ശുദ്ധ അസംബന്ധം’; മഹാത്മാഗാന്ധി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചതിനെതിരെ സുപ്രീംകോടതി

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രീംകോടതി. നിയമന നടപടി ശുദ്ധ അസംബന്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെയും രേഖാ രാജിന്റെയും ഹര്‍ജികള്‍ കോടതി തള്ളിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവര്‍ എംജി സര്‍വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.

എം.ജി സര്‍വ്വകലാശാലയില്‍ ദളിത് ചിന്തക രേഖാ രാജിനെ അസി. പ്രൊഫസറായി നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയമനം റദ്ദാക്കിയിരുന്നു. റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ പകരം നിയമിക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, നിയമന വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടെന്ന് സര്‍വകലാശാല കോടതിയില്‍ വാദിച്ചു.

അതേസമയം, രണ്ടുപേര്‍ക്ക് പിഎച്ച്ഡി ഉള്ളപ്പോള്‍ ഒരാളുടെ മാര്‍ക്ക് മാത്രം എന്തിന് കണക്കാക്കിയെന്ന് കോടതി തിരിച്ച് ചോദിച്ചു. അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലാത്തതുകൊണ്ടാണ് പിഎച്ച്ഡി മാര്‍ക്ക് കണക്കാക്കാത്തത് എന്നായിരുന്നു സര്‍വകലാശാല വാദിച്ചത്. അതും കോടതി തള്ളി. യുജിസി അംഗീകാരമില്ലാത്ത ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയതിനെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. പി എച്ച് ഡിയ്ക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നിഷ വേലപ്പന്‍ നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ടുമാര്‍ക്കാണ് രേഖാ രാജിന് നല്‍കിയത്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉളളുവെന്ന് കണ്ടെത്തുകയായിരുന്നു.