തരൂരിനെ തള്ളി ഗ്രൂപ്പ് 23; മനീഷ് തിവാരി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് വ്യക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍. ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്.

എന്നാല്‍, നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതാണ് തരൂരിന്റെ കഴിഞ്ഞകാല സംഭാവനയെന്നും, ആശുപത്രി കിടക്കയില്‍ പോലും സോണിയ ഗാന്ധിയോട് മര്യാദ കാട്ടിയില്ലെന്നും ഗാന്ധി കുടംബത്തോടൊത്ത് നില്‍ക്കുന്ന ദേശീയ വക്താവ് ഗൗരവ് വല്ലഭും വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാരും അറിയിച്ചു. എന്നാല്‍, ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് അറയിച്ചതോതോടെ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന സൂചന ഗലോട്ട് ഇന്നലെ തന്നെ നല്‍കിയിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഉടന്‍ നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.