തിരുവനന്തപുരം: സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ആർടിസി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുകണം. നിങ്ങൾ തകർക്കുന്നത് നിങ്ങളെത്തന്നെയാണെന്നും ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കെഎസ്ആർസി ബസുകൾക്കെതിരെ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പ്രതികരണം.
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നാടാണിത്. ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയണം. ഇന്ന് പല സ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾക്കു നേരേയും ജീവനക്കാർക്ക് നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.
ഒരു ബസിന്റെ ചില്ലിന് 10,000 രൂപ മുതൽ 15,000 രൂപയോളം വില വരും. ഒരുക്കൽ ഗ്ലാസ് എറിഞ്ഞ് ഉടച്ചാൽ പുതിയ ഗ്ലാസ് മാറ്റുന്നതിന് മുമ്പ് അതിന്റെ ചാനലും മാറ്റണം. ഇതിന് 2000 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും പോലും നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ കെഎസ്ആർടിസിയ്ക്ക് ഇത്തരം ആക്രമണങ്ങൾ ഇരട്ടി പ്രഹരമാകും.

