ചെന്നൈ: ഡിഎംകെക്ക് എതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിൽ പാർട്ടിക്ക് യാതൊരു താല്പര്യവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത് എന്നിങ്ങനെ പുതിയ നിർവ്വചനവും അദ്ദേഹം ഡിഎംകെക്ക് നൽകിയിട്ടുണ്ട്.
ഡിഎംകെയുടെ ആശയമാണ് പ്രശ്നം. അത് കുടുംബവാഴ്ചയുടേതാണ്. കുടുംബമാണ് പ്രകടനം നടത്തുന്നത്. കുടുംബവാഴ്ചയിലൂടെ പണത്തട്ടിപ്പാണ് നടക്കുന്നത്. കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് അവർ ഭരണം നടത്തുന്നത്. പോലീസ് സ്റ്റേഷൻ മുതൽ എല്ലായിടത്തും കാട്ടാ പഞ്ചായത്താണ് നടപ്പാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. രാജ്യത്തെ നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും. കുടുംബവാഴ്ചയിലാണ് ഉന്നം. ജനങ്ങൾ ഈ കുടുംബപാർട്ടിയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. എം കെ സ്റ്റാലിനും ഡിഎംകെയും കാര്യമായ സംഭാവനകളൊന്നും സംസ്ഥാനത്തിന് ചെയ്യുന്നില്ല. എം കരുണാനിധി ആയിരുന്നു ആദ്യം. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സ്റ്റാലിൻ, ഇനി സ്റ്റാലിന്റെ മകൻ ഉദയനിധി വരാനിരിക്കുന്നു. പാർട്ടിയിലെ മറ്റുള്ളവരെല്ലാം കയ്യടിക്കാൻ ഉള്ളവരാണെന്നും ജെ പി നദ്ദ പറഞ്ഞു.

