വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ പൂർണമായും ഓൺലൈനിൽ; പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ്ങ് ലൈസൻസ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഓൺലൈനിൽ ലഭിക്കുന്നത്. ആധാർ അധിഷ്ഠിതമായാണ് ഈ സേവനങ്ങൾ ഒരുക്കിയിട്ടുള്ളത്. parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ mParivahan മൈബൈൽ ആപ്പ് വഴിയോ ഈ സേവനങ്ങൾ ലഭ്യമാക്കും.

ലേണേഴ്സ് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷ, ലേണേഴ്സ്/ ഡ്രൈവിങ്ങ് ലൈസൻസിലെ പേര്, മേൽവിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റൽ, ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസൻസ്/ ഡ്രൈവിങ്ങ് ലൈസൻസ് അപേക്ഷ, ഡ്രൈവിങ്ങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസൻസ് പുതുക്കലുകൾ, നിലവിലെ ലൈസൻസ് പകരം പുതിയത് എടുക്കൽ, ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് പുതുക്കൽ, കണ്ടക്ടർ ലൈസൻസിലെ വിവരങ്ങൾ മാറ്റൽ എന്നീ സേവനങ്ങളാണ് ലൈസൻസുമായി ബന്ധപ്പെട്ട് ഓൺലൈനാക്കിയത്.

വെബ്സൈറ്റിലെ ഹോം പേജിൽ നിന്ന് നേരിട്ടും ഓൺലൈൻ സർവീസ് എന്ന ടാബിൽ നിന്നും ആവശ്യമുള്ള സേവനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്കുണ്ട്. ആധാർ നമ്പർ നൽകി ഒ.ടി.പി. ലഭിക്കുന്നതോടെ ഈ നടപടിക്രമം പൂർത്തിയാക്കാൻ കഴിയും. ആധാർ കാർഡ് ഇല്ലാത്ത ആളുകൾക്ക് ഈ സേവനം ലഭ്യമാകില്ല. ഇത്തരക്കാർക്ക് മുൻരീതി പിന്തുടർന്ന് ആർടി ഓഫീസുകളിൽ എത്തി വേണം ഇവ പൂർത്തിയാക്കാൻ. ഇതിനായി മേൽവിലാസം തെളിയിക്കുന്ന മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്താം.