കാട്ടാക്കട ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.

പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങൾ പരിശോധിച്ച കെ എസ് ആർ ടി സി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനും കെഎസ്ആർടിസി മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ട്.

സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്. മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി.