ഹിജാബ് നിരോധന വിഷയത്തിൽ മതപരമായ കാര്യത്തിൽ ഇടപെട്ടിട്ടില്ല; കർണാടക സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ മതപരമായ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കർണാടക സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വേണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ക്യാമ്പസുകളിലെ ക്ലാസ് മുറിക്കപ്പുറം ഹിജാബ് നിരോധനം നിലവിലില്ലെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹിജാബ് കേസ് പരിഗണിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് യൂണിഫോം നിർദേശിക്കാൻ അധികാരമുണ്ടെന്ന് മാത്രമാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. ‘മത നിഷ്പക്ഷത’ ആണ് സർക്കാർ നിലപാടെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം, ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഹിജാബ് നിരോധിച്ചിട്ടുണ്ടെന്നും എന്നാൽ അവിടുത്തെ സ്ത്രീകൾക്ക് മതവിശ്വാസമില്ലാതായിട്ടില്ലെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ നവദ്ഗി വാദിച്ചു.