തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടി തട്ടിയെടുക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണിൽ നടപ്പാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞതാണിത്. കോവിഡ് ബൂസ്റ്റർ ഡോസ് പ്രക്രിയ പൂർത്തീകരിച്ചു കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ, കണ്ണൂർ ചരിത്ര കോൺഗ്രസ് വിഷയം സാന്ദർഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ ഒറ്റക്കാര്യമേ പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തിൽ നടപ്പാവില്ല. ഇത് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വൈദേശിക ആശയം എന്ന പ്രയോഗം അദ്ദേഹം ആവർത്തിക്കുന്നത് കേട്ടു. ഹോമോ സാപ്പിയൻസ് എന്ന നമ്മളൊക്കെ ഉൾപ്പെട്ട ആധുനിക മനുഷ്യഗണം ഭൂമിയിൽ ഉടലെടുക്കുന്നത് ഏകദേശം മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ ആണെന്നാണ് ശാസ്ത്രകാരന്മാരുടെ നിഗമനം. പിന്നീട് മറ്റു ഭൂഖണ്ഡങ്ങളിലേയ്ക്ക്കൂടി ചേക്കേറുകയും പതുക്കെ ലോകം മുഴുവൻ വ്യാപിക്കുകയും ആണത്രേ ചെയ്തത്. മനുഷ്യരുടെ ഒരിക്കലും അവസാനിക്കാത്ത യാത്രകളുടേയും ചേക്കേറലുകളുടേയും ചരിത്രമാണ് നമ്മളിന്നു കാണുന്ന ലോകത്തെ നിർമ്മിച്ചത്. ഭൂമിയിലെ ഓരോ ഭൂപ്രദേശത്തിന്റെയും ചരിത്രമതാണ്. അങ്ങനെയാണ് നമ്മളിന്നു ജീവിക്കുന്ന നമ്മുടെ രാജ്യവും നമ്മുടെ ഈ നാടുമൊക്കെ ഉണ്ടായത്. ഒരു രാജ്യവും ഒരു സംസ്കാരവും ഒരു സുപ്രഭാതത്തിൽ പൊട്ടി വീണതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹസ്രാബ്ദങ്ങൾ നീണ്ട ആ ചരിത്രം നമുക്ക് മുൻപിലുണ്ട്. പല ഭൂഭാഗങ്ങളിൽ നിന്നു വിരുന്നുവന്ന് അറിവും സംസ്കാരവും കൊണ്ടും കൊടുത്തും പോയവരുണ്ട്. ഇവിടെ ചേക്കേറി പാർപ്പായവരുണ്ട്. നൂറ്റാണ്ടുകൾ നീണ്ട ദീർഘമായ ഈ കൊടുക്കൽ വാങ്ങലുകളുടെ സൃഷ്ടിയാണ് നമ്മുടെ ഭക്ഷണവും ഭാഷയും വസ്ത്രവും ജീവിത രീതിയും ജീവിത വീക്ഷണവുമെല്ലാം. ഈ സത്യമുൾക്കൊണ്ടാൽ തീരാവുന്നതേയുള്ളൂ വംശീയതയും ദേശീയതയും പ്രാദേശികതയും തുടങ്ങിയവയെ ചുറ്റിപ്പറ്റി ചിലരൊക്കെ പുലർത്തുന്ന അത്യന്തം സങ്കുചിതമായ ചിന്താഗതികൾ. ഈ വിദ്വേഷ ചിന്താഗതിയാണ് സംഘപരിവാറിനെപ്പോലെ ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറയെന്നും അദ്ദേഹം വിമർശിച്ചു.

