കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പോസ്റ്ററിൽ എറണാകുളം ജില്ലയിൽ അത്താണിയിൽ വിവിധ നേതാക്കളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രവും ഉപയോഗിച്ച സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചു. സംഭവത്തിന് പിന്നാലെ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
നെടുമ്പാശേരിയിൽ അത്താണിയിൽ അൻവർ സാദത്ത് എംഎൽഎയുടെ വീടിന് സമീപമുളള കോട്ടായി ജംഗ്ഷനിലാണ് കോൺഗ്രസ് സ്ഥാപിച്ച പോസ്റ്ററിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത്.
രബീന്ദ്രനാഥ ടാഗോർ, അബ്ദുൾ കലാം ആസാദ്, ജി.ബി പന്ത്, ദാദാഭായി നവറോജി, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ചിത്രത്തോടൊപ്പമാണ് സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടെ പോസ്റ്ററിൽ സവർക്കർക്ക് പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. സ്ഥലത്തെ ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ് ഫ്ളക്സ് പോസ്റ്റർ പതിച്ചതെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രമാണ് സ്ഥാപിക്കാൻ പറഞ്ഞതെന്നും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ജില്ലാ നേതൃത്വത്തെ അറിയിച്ചു.

