ഹിന്ദു മതവികാരം വ്രണപ്പെടുത്തി; ‘താങ്ക് ഗോഡ്’ന്റെ ചിത്രീകരണം തടയണമെന്ന് മധ്യപ്രദേശ് മന്ത്രി

ന്യൂഡല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ബോളിവുഡ് ചിത്രം ‘താങ്ക് ഗോഡ്’ നിരോധിക്കണമെന്ന ആവശ്യവുമായി മദ്ധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് രംഗത്ത്.

മരണത്തിന്റെ ദേവനായ യമനെ അനുഗമിക്കുന്ന ചിത്രഗുപ്തനെ സിനിമ അനുചിതമായി ചിത്രീകരിക്കുന്നുവെന്ന് സാരംഗ് പറഞ്ഞു. അര്‍ദ്ധ നഗ്‌നരായ സ്ത്രീകള്‍ ചിത്രഗുപ്തനെ ചുറ്റി നില്‍ക്കുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണ്‍ വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. നടന്റെ പരാമര്‍ശങ്ങള്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

അതിനാല്‍ സിനിമയുടെ ചിത്രീകരണം തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ നിര്‍മ്മാതാക്കളും അഭിനേത്രികളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും സാരംഗ് ആരോപിച്ചു. അജയ് ദേവ്ഗണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രാഹുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് താങ്ക് ഗോഡ്.