തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്വയംഭരണമന്ത്രി മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയുമാണ് ഗവർണറെ ക്ഷണിക്കാനെത്തിയത്. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ഗവർണർ ക്ഷണിക്കാൻ എത്തിയ സംഘത്തെ അറിയിച്ചു.
ഓണംവാരാഘോഷ ഘോഷയാത്രയിൽ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ അറിയിച്ചു. ലഹരി വിരുദ്ധ പരിപാടിയായ യോദ്ധാവ് ഒക്ടോബർ രണ്ടിനാണ് സംഘടിപ്പിക്കുന്നത്. സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ലഹരി വിരുദ്ധ പരിപാടിയിലേക്ക് ക്ഷണിക്കാൻ സർക്കാർ വൃത്തങ്ങൾ തീരുമാനിച്ചത്.
വാർത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ലെന്നും മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

