ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ബഹുദൂരം മുന്നേറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ബ്രിട്ടൺ വ്യാപാര നിക്ഷേപ പങ്കാളിത്ത പരിപാടിയിലായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഇക്കാര്യം അറിയിച്ചത്.
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇന്ത്യയും ബ്രിട്ടനും ഏതാണ്ട് സമാനതകളുളള സാമ്പത്തിക ശക്തികളാണ്. എന്നാൽ ഇന്ത്യയുടെ നിലവിലെ വളർച്ച അതിവേഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ 618 യുകെ കമ്പനികളാണുളളതെന്നാണ് ബ്രിട്ടൻ മീറ്റ്സ് ഇന്ത്യ റിപ്പോർട്ട് 2022 ൽ വ്യക്തമാക്കുന്നത്. 4.66 ലക്ഷം ആളുകൾക്ക് ഈ കമ്പനികൾ തൊഴിൽ നൽകുന്നു. ഈ കമ്പനികളുടെ ടേൺ ഓവർ 3,634.9 ബില്യൻ ആണ്. ഇതിൽ 58 കമ്പനികൾ 500 മില്യനിലധികം ടേൺ ഓവർ ഉളളതാണ്. 2021 നെ അപേക്ഷിച്ച് 10 ശതമാനമാണ് ഇവയുടെ വാർഷിക വളർച്ചാ നിരക്ക്. യുകെയിലെ കമ്പനികളുടെ ശരാശരി വളർച്ചാ നിരക്ക് 26 ശതമാനമായി നിലനിൽക്കുമ്പോൾ ഇന്ത്യയിലെ യുകെ കമ്പനികളുടെ വളർച്ച 36.3 ശതമാനമാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
അടുത്ത 25 വർഷത്തിനുളളിൽ ഇത് ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും വളർച്ചയും അവസരങ്ങളും സൃഷ്ടിക്കും. ഇത് വഴി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ പുരോഗതിയുണ്ടാകുമെന്നും അലക്സ് എല്ലിസ് കൂട്ടിച്ചേർത്തു.

