കോട്ടയം: കേരളത്തിൽ അതിതീവ്ര മഴ കൂടിയെങ്കിലും മൺസൂൺ മഴയുടെ അളവ് കുറഞ്ഞെന്നും ഇത് ഒരേ വർഷം വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാകുന്നതായും കണ്ടെത്തൽ. പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജി ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്സി മാത്യു കോളാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
ചൂടുള്ള വായു കൂടുതൽ ഈർപ്പം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നുവെന്നും അതു കൊണ്ട് ദീർഘകാലയളവിൽ മഴ പെയ്യാതിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചുവച്ച ഈർപ്പം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ പെയ്തു തീർക്കുകയും ചെയ്യുന്നു. മൺസൂൺ കാറ്റുകളിലെ വ്യതിയാനവും ഇതിന് കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാവുമ്പോൾ വെള്ളത്തിന് പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ വരുന്നു. ഇതിന്റെ ഭാഗമായി പ്രളയമുണ്ടാകുന്നു. വെള്ളം പരന്നിറങ്ങാത്തതിനാൽ പ്രളയത്തിന് പിന്നാലെ പെട്ടെന്ന് വരൾച്ചയും ഉണ്ടാകുന്നു. കുറേ നാളുകളായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിൽ ഇത് പുതിയ പ്രതിഭാസമായി മാറിയെന്നും അദ്ദേഹം അറിയിച്ചു.
സമുദ്ര നിരപ്പ് ഓരോ വർഷവും കൂടുന്നതിനാൽ കടലിലേക്കുള്ള ഒഴുക്ക് കുറയുകയും ചെയ്യുന്നു. ഉപ്പുവെള്ളം തിരിച്ച് കായലിലേക്കും പുഴകളിലേക്കും കയറുന്നു. ഒരേ വർഷം തന്നെ വെള്ളം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം മറികടക്കുന്നതിന് മഴപ്പൊലിമ, ജലവർഷിണി, പുനർജനി തുടങ്ങിയ ചെലവ് കുറഞ്ഞതും വിജയിച്ചതുമായ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാടുകൾ കാർബൺ വലിച്ചെടുക്കുന്നതിനേക്കാൾ സസ്യ ജല ബാഷ്പീകരണം വഴി ജലം നിലനിറുത്തി വീണ്ടും മഴ പെയ്യിക്കുന്നു. മണ്ണൊലിപ്പും തടയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

