തിരഞ്ഞെടുപ്പ് കോഴ കേസ്: ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ. സുരേന്ദ്രന്റേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വയനാട്: സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് വിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചു. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ. സുരേന്ദ്രനും സി.കെ. ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ അന്വേഷണസംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം. സുല്‍ത്താന്‍ ബത്തേരിയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ക്കായി ജെആര്‍പി പണം ആവശ്യപ്പെട്ടിരുന്നു. ഇത് മഞ്ചേശ്വരത്തെത്തി സുരേന്ദ്രനുമായി ജെ.ആര്‍.പി നേതാക്കള്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഗണേശന്‍ വഴി സുല്‍ത്താന്‍ ബത്തേരിയില്‍ പണം എത്തിച്ചുകൊടുത്തതെന്നായിരുന്നു പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

മാര്‍ച്ച് 26ന് ബത്തേരിയിലെ ഒരു ഹോം സ്റ്റേയില്‍ വെച്ച് ബിജെപി ജില്ല സെക്രട്ടറി പ്രശാന്ത് മലവയലാണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജാ സാധനങ്ങളെന്ന് തോന്നിക്കുന്ന തരത്തില്‍ കാവിത്തുണിയില്‍ പൊതിഞ്ഞാണ് പണമെത്തിച്ചത്. ജെ.ആര്‍.പിക്ക് എന്നുപറഞ്ഞാണ് ബിജെപി നേതൃത്വം ജാനുവിന് പണം കൈമാറിയത്. എന്നാല്‍, ജാനു ഈ പണം ജെ.ആര്‍.പി നേതാക്കള്‍ക്ക് നല്‍കിയില്ല. പണം കൂടുതലും ജാനു വ്യക്തിപരമായാണ് ചെലവഴിച്ചത്. ജെ.ആര്‍.പിക്ക് പണം കിട്ടിയില്ല. ആദിവാസികള്‍ക്ക് വിതരണം ചെയ്യാനാണ് പണമെന്നാണ് ജാനു തങ്ങളോട് പറഞ്ഞതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.